കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com


സൌമ്യദീപ്തമായ മുഖം -
വാടിക്കരിഞ്ഞ മുല്ലപ്പൂക്കള്‍
നിന്‍ പ്രണയ ഭാവത്തെ
തല്ലിക്കൊഴിച്ച ക്രൂരതേ .



മാ നിഷാദാ....ക്രൌഞ്ചപ്പക്ഷിതന്‍
വിലാപങ്ങള്‍ ഇന്നുമിവിടെ ഉയരുന്നു.
ആ തേങ്ങലിന്‍ നിസ്വനങ്ങളില്‍
വട്ടമിട്ടു പറക്കുന്ന ഈയാംപാറ്റകള്‍



ഒരു വേള - വേളീ സ്വപ്നങ്ങളില്‍
മുഴുകിയ നിന്നുടലില്‍
കാമക്രാന്തന്റെ പിടിമുറുക്കങ്ങള്‍



ഭൂമീദേവീ , നീയെന്തേ പിളര്‍ന്നില്ല ?
നിന്നുടെ മാറിടം.
അവളെ നീ മാറോടണച്ചില്ല


വിഷം ചീറ്റി ഒഴുകുന്ന പാളമോ ?
തിക്കിത്തിരക്കി പായും ചക്രമോ
ഒന്നുമേ നിന്നെ കണ്ടതില്ലേ ?



ഇന്നിന്റെ മാലിന്യങ്ങളുടെ
ശവപ്പറമ്പില്‍ , നിന്റെ തേങ്ങലുകള്‍
ഗതികെട്ടാരവമായ് ഉഴറി നടക്കുന്നുവോ ?
ഏകാന്തത - അത് നിന്നെ ചൂഴ്ന്നുവോ ?
അതിന്റെ ഭയാനകതയില്‍ നീ പകച്ചുവോ ?
അറിയില്ല കുട്ടീ നിന്‍ ചുറ്റിലുള്ളവര്‍ക്കെന്തു പറ്റീ ?.



ചാനലുകല്‍ക്കുള്ളിലെ ചാകര
തിരത്തുള്ളലില്‍ പിടയും പരല്‍മീന്‍
കണക്കെ നിന്‍ മിഴികള്‍
എന്നെ വേട്ടയാടുന്നു.
എന്നുറക്കം കെടുത്തുന്നു.



പത്രത്താളുകളില്‍ മറിഞ്ഞുപോകുമൊരു
ഓര്‍മ്മദിനം
വാഗ് ധോരണികള്‍
വാഗ് ദാനപ്പെരുമഴകള്‍

പക്ഷെ
നീയുമെന്നുമൊരു വിങ്ങും ഓര്‍മ്മയായ്
ചിതലരിച്ചിടാത്ത മനസ്സുകളില്‍
കുടികൊള്ളുന്നൊരു സൌമ്യപുഷ്പമേ


പുതുനാമ്പുകള്‍ കിളിര്‍ക്കും മണ്ണില്‍
പഴമയുടെ വേരുകളറ്റു പോകുന്നുവോ ?
ചിത്രശലഭമായ് പാറി നടന്ന
നിന്‍ ചിറകുകളരിഞ്ഞു വീണപ്പോള്‍
കാപാലികതയുടെ കറുത്ത വര്‍ണ്ണമല്ലോ
ദൃശ്യചാലകങ്ങളില്‍ കളം വരച്ചത്



ആ കളം മായ്ക്കാം....നമുക്ക്
മനസ്സിന്റെ നിറക്കൂട്ടിലെ ശുഭ്രവര്‍ണ്ണങ്ങളണിഞ്ഞു
ഇലച്ചാര്‍ത്തുകള്‍ തീര്‍ത്ത
കരിമിഴികളില്ലാത്ത
ചിത്രവര്‍ണ്ണക്കളങ്ങള്‍ തീര്‍ക്കാം.



നിന്റെ ജീവകോശങ്ങളില്‍ തുളകള്‍ വീഴ്ത്തിയവര്‍ക്ക്
കാലം മറവിയുടെ മേലങ്കി ചാര്‍ത്താം.
എങ്കിലും സൌമ്യെ ........നിന്നിലെ ആര്‍ദ്രത
ദീപ്തഭാവമായ് എന്നുമേ നിറയുന്നൂ.





സ്റെല്ല.പി.കെ

അധ്യാപിക
ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍.വടക്കാഞ്ചേരി.

തൃശൂര്‍.