കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

 അച്ഛന്റെ  ഓര്‍മ്മയിലൊരോണം  
ഓണമീയോര്‍മ്മയിലോമാനിക്കാ-
നോമനക്കുമ്പിളില്‍ തുമ്പപ്പൂവും
ഒരു നുള്ള് മുക്കുറ്റി പുഞ്ചിരിക്കും
ഓമനക്കവിളില്‍ നുണക്കുഴിയില്‍
സ്നേഹം തളിക്കുമീ മാരിവില്ലാ-
വര്‍ണ്ണം നിറയുന്ന പൂക്കളത്തില്‍
കോരിച്ചോരിഞ്ഞു വികൃതികാട്ടീ
വെയിലിന്നിടക്ക്  വരുന്ന മഴ
വര്‍ണ്ണക്കളത്തിനു കുട പിടിച്ചു
നിന്ന,മണിക്കുട്ടന്റെ സങ്കടവും
ഓര്‍ക്കുവാനോണവെയിലു നോക്കി
പയറുണക്കാനെത്തുമമ്മൂമയും
പായും കോട്ടയും തോളിലേറ്റി,
പഴവയര്‍ പറയുന്ന പറയനാരും
പഴവുമരിയും പപ്പടവും
പഴമുറം നിറയുന്ന നേരമായാല്‍
പാട്ടിക്കു പാടുവാന്‍ പാട്ടുമായി
ശര്‍ക്കരപ്പാവില്‍ വറുത്തെടുത്ത
ശര്‍ക്കരുപ്പേരി രുചിച്ച നാവും
പാലട പപ്പട മടപ്രഥമന്‍
അച്ചാറു കൂട്ടി രുചിച്ച നാളും
ഇന്നീ മുറ്റത്തെ പൂക്കളങ്ങള്‍
ഉപ്പുകളങ്ങളായ്  മാറിയപ്പോള്‍
ഓര്‍മ്മ മരവിച്ചു പോയതല്ലേ
ഓര്‍ക്കുവാനാകാത്തോരോര്‍മ്മ രോഗം
 
ഓണക്കളികള്‍ക്ക്‌  താളമായി
ഓമനപ്പാട്ടുകള്‍ കേട്ടതില്ല
ഓണനിലാവുമായെത്തിടുന്ന
ഓമനത്തിങ്കളോ വന്നതില്ല
ഓണനിലാവിലാരാക്കിളികള്‍
ഓര്‍ത്തുകരയുന്നതായിരിക്കാം

"വാണിജ്യപൂക്കള്‍ നിറഞ്ഞിടുമ്പോള്‍
പാക്കറ്റ് വിഭവം വിളമ്പിടുമ്പോള്‍
ക്യാമറക്കണ്ണു  തുറന്നിടുമ്പോള്‍
താരനിബിഡമാമോണമല്ലെ   "

ഓര്‍മ്മ മരവിച്ച നീലരാവില്‍
ഒന്ന് മയങ്ങുവാനായിതെങ്കില്‍
ഓരോ കിനാവും പൂക്കുമെങ്കില്‍
ഓണമീയോര്‍മ്മയിലോമനിക്കാം

നിസ്സയഹാര്‍ദ്രമാമാകിടപ്പില്‍
ഓണപ്പുടവയുടുത്തിടാതെ
ഓണവിഭവം രുചിച്ചിടാത്ത
ഒന്ന് ചിരിക്കാനറിഞ്ഞിടാത്ത
ഒന്ന് കരയാനറിഞ്ഞിടാത്ത
നിറയുന്ന കണ്ണീര്‍ തുടച്ചിടാത്തോ-
രച്ഛന്റെയോര്‍മ്മയിന്നാര്‍ക്കറിയാം
"ഓണമിന്നോര്‍മ്മയിലോമനിക്കാന്‍
ഓമനക്കുമ്പിളില്‍ കണ്ണുനീരോ
ഓമനക്കുമ്പിളില്‍ കണ്ണുനീരോ......"
(എന്‍ .എ.സ്കന്ദകുമാര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ്.ചാവക്കാട്.തിരുവത്ര.തൃശൂര്‍ )


2 comments:

subhadra, cnnbhs cherpu said...

nalla kavitha.

ബൈജു മണിയങ്കാല said...

ഇന്നും പ്രസക്തമായ വരികൾ നല്ല രചന